Physical Address

23,24,25 & 26, 2nd Floor, Software Technology Park India, Opp: Garware Stadium,MIDC, Chikalthana, Aurangabad, Maharashtra – 431001 India

2022- കാലാവസ്ഥാ വ്യതിയാനം കൂടുതല്‍ അനുഭവവേദ്യമായ വര്‍ഷം…

ഇന്ത്യയിലുടനീളം അടുത്ത കാലത്ത് അനുഭവപ്പെടുന്ന അസാധാരണ ചൂട് തരംഗവും തുടർന്ന് മൺസൂൺ കാലത്തെ ക്രമരഹിതമായ മഴയും കാലാവസ്ഥാ വ്യതിയാനത്തെ കൂടുതൽ അനുഭവവേദ്യമാക്കുകയാണ്.  ഇത് ഇപ്പോൾ രാജ്യത്ത് പതിവായി ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമായി മാറിയിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനം എന്ന യാഥാർത്ഥ്യം ഒടുവിൽ രാജ്യത്തെ ജനങ്ങള്‍ക്ക് ബോധ്യമായതായി തോന്നുന്നു. 2022 മാർച്ചിൽ കടുത്ത ‘ചൂട് സീസൺ’ എത്തിയതോടെ രാജ്യത്തിന്‍റെ പ്രധാന ഭാഗങ്ങളിൽ പ്രത്യേക ചൂട് തരംഗം അനുഭവപ്പെട്ടു തുടങ്ങി. 

ഇന്ത്യയിലെ 2022 ചൂട് തരംഗം  

2022 മാർച്ച്-മെയ് മാസങ്ങളില്‍ ചൂട് രാജ്യത്തെ പൊള്ളിച്ചപ്പോൾ, 122 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ മാർച്ചിനാണ് ഇന്ത്യ സാക്ഷ്യം വഹിച്ചത്. 2022-ൽ (മാർച്ച് 11-മെയ് 18) രാജ്യത്ത് 280 ഉഷ്ണതരംഗം റിപ്പോർട്ട് ചെയ്തു, ഇത് 12 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ചൂടാണ്.

രാജസ്ഥാൻ, മധ്യപ്രദേശ്, ഹിമാചൽ പ്രദേശ്, ഗുജറാത്ത്, ഹരിയാന എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് ഈ വർഷം 54 ശതമാനം ഉഷ്ണതരംഗങ്ങളുണ്ടായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഹിമാചൽ പ്രദേശിൽ 27 ഉം രാജസ്ഥാനിൽ 39 ഉം മധ്യപ്രദേശിൽ 38 ഉം ഉഷ്ണതരംഗം രേഖപ്പെടുത്തി. മൂന്ന് ഹിമാലയൻ പ്രദേശങ്ങൾ- ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു & കശ്മീർ എന്നിവ ഈ വർഷം അസാധാരണമായ ചൂടാണ് രേഖപ്പെടുത്തിയത്.

ലോകസഭയിൽ ഭൗമശാസ്ത്ര മന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞതനുസരിച്ച്: “2022 മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഇന്ത്യയിൽ ദൈര്‍ഘ്യമേറിയ ഉഷ്ണതരംഗങ്ങൾ അനുഭവപ്പെട്ടു. 2022 മാർച്ചിലെ ശരാശരി കൂടിയ താപനില ഇന്ത്യ ഒട്ടാകെയും (33. 1 ഡിഗ്രി സെൽഷ്യസ്), വടക്കുപടിഞ്ഞാറൻ ഇന്ത്യയിലും (30. 7 ഡിഗ്രി സെൽഷ്യസ്) ഏറ്റവും ഉയർന്ന താപനിലയായിരുന്നു. 1901 മുതൽ 2022 വരെയുള്ള കാലയളവിലെ കണക്കുകൾ പ്രകാരം മധ്യേന്ത്യയിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ (35. 2 ഡിഗ്രി സെൽഷ്യസ്),” 

2022 ലെ ഉഷ്ണതരംഗം ഇന്ത്യയിലും പാക്കിസ്ഥാനിലുമായി 90 മരണങ്ങൾക്ക് കാരണമായതായി കണക്കാക്കപ്പെടുന്നു. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ബീഹാർ, മഹാരാഷ്ട്ര എന്നീ ഒമ്പത് സംസ്ഥാനങ്ങളിലെ ഗോതമ്പ് വിളവിനെയും മറ്റ് വിളകളെയും പഴങ്ങൾ, പച്ചക്കറികൾ, മൃഗങ്ങൾ എന്നിവയെയും ചൂട് തരംഗം ബാധിച്ചതായി റിപ്പോർട്ടുകളുണ്ട്.

ഇന്ത്യയിലെ ഈ വ്യത്യസ്തമായ ഉഷ്ണതരംഗത്തിന് പിന്നിൽ കാലാവസ്ഥാ വ്യതിയാനമാണ് കാരണമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു. ഭൂമിയില്‍ മനുഷ്യരുടെ തെറ്റായ ഇടപെടല്‍ മൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം സമീപകാല ഉഷ്ണതരംഗം കൂടുതൽ തീവ്രമാക്കിയെന്ന്  ശാസ്ത്രജ്ഞർ കണ്ടെത്തി. കാലാവസ്ഥാ വ്യതിയാനം മൂലം 2022 മാർച്ച്-മെയ് മാസങ്ങളിൽ ഇന്ത്യയിൽ ഉഷ്ണതരംഗം 30 മടങ്ങ് കൂടുതലായി മാറിയെന്ന് അവർ അനുമാനിക്കുന്നു. കാലാവസ്ഥാ വ്യതിയാനം ഒരു പ്രത്യേക താപ തരംഗത്തിൽ എത്രമാത്രം സ്വാധീനം ചെലുത്തിയെന്ന് കണ്ടെത്താൻ ശാസ്ത്രജ്ഞർ ‘ആട്രിബ്യൂഷൻ’ പഠനങ്ങൾ നടത്തി.

വ്യാവസായിക കാലം മുമ്പുമുതലുള്ള, മനുഷ്യ നിര്‍മ്മിത പ്രകൃതി വാതകത്തിന്‍റെ പുറംതള്ളല്‍  ഭൂമിയെ  ഏകദേശം 1.2 സെൽഷ്യസ് ചൂട് വര്‍ദ്ധിപ്പിച്ചു. ശരാശരി താപനിലയിലെ വർദ്ധനവ് വേനൽക്കാലത്ത് ഉയർന്ന താപനിലയുടെ റെക്കോർഡ് തകര്‍ത്തുകൊണ്ട് ഉയര്‍ന്നു. അതിന്‍റെ ഫലമായി കടുത്ത ഉഷ്ണതരംഗം അനുഭവപ്പെട്ടുതുടങ്ങി. 

‘അനിയന്ത്രിതമായ’ ഇന്ത്യൻ മൺസൂൺ 2022

2022-ൽ ഇന്ത്യയിലുടനീളമുള്ള മൺസൂൺ മഴ ക്രമരഹിതമാണ്. കൂടാതെ ചില സ്ഥലങ്ങളിൽ അപ്രതീക്ഷിത വരൾച്ച പോലുള്ള സാഹചര്യങ്ങൾക്കൊപ്പം രാജ്യത്തുടനീളം കനത്ത മഴ ലഭിച്ച സാഹചര്യം ഉണ്ടായി. കാലാവസ്ഥാ വ്യതിയാനമാണ് ഈ സാഹചര്യത്തിന് കാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഐഎംഡി ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മൊഹപത്രയുടെ  വിശദീകരണം ഇങ്ങനെ: “മൺസൂൺ മഴ ഈ വർഷം പതിവ് രീതി കാണിച്ചില്ല, എന്നാൽ കാലാവസ്ഥാ വ്യതിയാനം കാരണം കനത്ത മഴയുടെ എണ്ണം വർദ്ധിച്ചു, നേരിയ മഴ പെയ്യുന്നത് കുറഞ്ഞു.”

പടിഞ്ഞാറന്‍ ഇന്ത്യ

പടിഞ്ഞാറൻ ഇന്ത്യയില്‍ ഉള്‍പ്പെടുന്ന രാജസ്ഥാനിൽ ജൂലൈയിൽ 270 മില്ലിമീറ്റർ മഴ ലഭിച്ചു. ഇത് 70 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മഴയാണ്. ഈ മൺസൂൺ സീസണിൽ രാജസ്ഥാനിലെ 33 ജില്ലകളിൽ എട്ടിലും ‘അസാധാരണ’ മഴ ലഭിച്ചപ്പോൾ 17 ജില്ലകളിൽ ‘അധിക’ മഴ ലഭിച്ചു. റിപ്പോർട്ടുകൾ പ്രകാരം, ഈ വർഷം ജൂലൈയിൽ ലഭിച്ച മഴ ജൂലൈയിലെ ശരാശരി മഴയായ 161.4 മില്ലിമീറ്ററിനേക്കാൾ 67% കൂടുതലാണ്. രാജസ്ഥാനിലെ പടിഞ്ഞാറൻ ജില്ലകളായ ശ്രീ ഗംഗാനഗർ ജില്ലയിൽ മാത്രം ജൂലൈയിലെ ശരാശരി മഴയേക്കാൾ 235% അധികമാണ് ലഭിച്ചത്. ജൂലൈ പകുതിയോടെ പെയ്ത മഴയും വെള്ളപ്പൊക്കത്തിന് സമാനമായ അവസ്ഥയും ജില്ലയിൽ 43 വർഷം പഴക്കമുള്ള റെക്കോർഡിന് മുകളിലാണ് .

അയൽരാജ്യമായ ഗുജറാത്തിൽ ജൂലൈ 11 ന് 24 മണിക്കൂറിനുള്ളിൽ സീസണൽ മഴയുടെ പകുതി ലഭിച്ചു. 19% സീസണൽ കമ്മിയിൽ നിന്ന് 24 മണിക്കൂറിനുള്ളിൽ 106% അധികമഴയാണ് തുടര്‍ന്ന് എത്തിയത്.  ഗുജറാത്തിൽ മഴക്കെടുതിയിൽ നൂറോളം പേർക്ക് ജീവൻ നഷ്ടപ്പെട്ടു, എട്ട് ജില്ലകൾ പൂർണമായും വെള്ളത്തിനടിയിലായി. ജൂലൈ 10 നും 11 നും ഇടയിൽ 7.9 മില്ലീമീറ്ററിൽ നിന്ന് 563% അധികമായി 52.4 മില്ലീമീറ്ററാണ് മഴ ലഭിച്ചത്. അഹമ്മദാബാദിൽ കനത്ത വെള്ളക്കെട്ടിന് ഇത് കാരണമാവുകയും ചെയ്തു. 

ജൂലൈ ആദ്യ പകുതിയിൽ മഹാരാഷ്ട്രയില്‍ 392.7 മില്ലിമീറ്റർ മഴ പെയ്തതിന് ശേഷം സംസ്ഥാനത്ത് വ്യാപകമായ വെള്ളപ്പൊക്കമുണ്ടായി.  ഇത് ഇക്കാലയളവിൽ (162 മില്ലിമീറ്റർ) പെയ്ത സാധാരണ മഴയേക്കാൾ 142% കൂടുതലാണ്.

കിഴക്കന്‍- വടക്കുകിഴക്കന്‍ ഇന്ത്യ

വടക്കുകിഴക്കൻ ഇന്ത്യയിലെ അസമിൽ മാർച്ച് 1 നും മെയ് 27 നും ഇടയിൽ ആർദ്രമായ പ്രീ മൺസൂണിന് സാക്ഷ്യം വഹിച്ചു. സംസ്ഥാനത്ത് 754.3 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. ഈ കാലയളവിലെ ശരാശരിയേക്കാൾ 48% കൂടുതലാണിത്. മെയ് മാസത്തിൽ, അസമിൽ സാധാരണയേക്കാൾ 56% കൂടുതൽ മഴ ലഭിച്ചു, ജൂൺ ആദ്യ 12 ദിവസങ്ങളിൽ 528.5 മില്ലിമീറ്റർ മഴ ലഭിച്ചു. ശരാശരിയേക്കാള്‍ ഇത് 109% അധികമാണ്. 

ജൂൺ മൂന്നാം വാരത്തിൽ അസം, മേഘാലയ, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ യഥാക്രമം 170, 203, 65% അധിക മഴ രേഖപ്പെടുത്തി. മേഘാലയയിലെ ചിറാപുഞ്ചിയിൽ ജൂൺ 17 ന് 24 മണിക്കൂറിനുള്ളിൽ 972 മില്ലിമീറ്റർ മഴ ലഭിച്ചു, ഇത് 122 വർഷത്തിനിടയിലെ മൂന്നാമത്തെ ഏറ്റവും ഉയർന്ന മഴയാണ്.

ക്രമമില്ലാത്ത മഴ ആസാമിലും അയൽ സംസ്ഥാനങ്ങളിലും തുടർച്ചയായ വെള്ളപ്പൊക്കത്തിന് കാരണമായി. ഈ വർഷം വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും അസമിൽ 200 ഓളം പേർ മരിച്ചു. സംസ്ഥാനത്ത് ലക്ഷക്കണക്കിന് ആളുകളെ വെള്ളപ്പൊക്കം ബാധിക്കുകയും ആയിരക്കണക്കിന് കന്നുകാലികൾക്ക് ജീവന്‍ നഷ്ടപ്പെടുകയും  ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു.

മെയ്, ജൂൺ മാസങ്ങളിലെ റെക്കോർഡ് മഴയ്ക്കു ശേഷം, ഇന്ത്യയുടെ കിഴക്കൻ, വടക്കുകിഴക്കൻ മേഖലകളില്‍ കുറഞ്ഞ മഴ ലഭിച്ചു ഒപ്പം  ‘ഏറ്റവും ചൂടുമായി എത്തിയ’ ജൂലൈയില്‍ 122 വർഷം പഴക്കമുള്ള കുറഞ്ഞ മഴയുടെയും ചൂടിന്‍റെയും റെക്കോർഡുകൾ തകര്‍ക്കപ്പെട്ടു. ജൂലൈ വരെയുള്ള തുടർച്ചയായ വരണ്ട കാലാവസ്ഥ കടുത്ത ചൂടിന് കാരണമായി. പ്രദേശത്തെ ശരാശരി കൂടിയ താപനില 33.75 ഡിഗ്രി സെൽഷ്യസാണ്, ഇത് സാധാരണയേക്കാൾ 2.30 ഡിഗ്രി കൂടുതലാണ്. 122 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ മഴ 2022 ജൂലൈയിൽ ഈ പ്രദേശത്ത് ലഭിച്ചു, ഇത് സാധാരണയേക്കാൾ 44.7% കുറവാണ്. ആഗസ്ത്, സെപ്തംബർ മാസങ്ങളിൽ കിഴക്കൻ, വടക്കുകിഴക്കൻ ഇന്ത്യകളിൽ മഴ കുറഞ്ഞേക്കുമെന്നും മേഖലയിൽ വരൾച്ച പോലുള്ള സാഹചര്യങ്ങൾക്ക് സാധ്യതയുണ്ടെന്നും ഐഎംഡി പ്രവചിക്കുന്നു.

കിഴക്കൻ സംസ്ഥാനമായ ജാർഖണ്ഡിൽ ഈ വർഷം ജൂൺ 1 മുതൽ ജൂലൈ 31 വരെ 258.7 മില്ലീമീറ്റർ മഴ രേഖപ്പെടുത്തിയിട്ടുണ്ട്.  ഈ കാലയളവിൽ 508.2 മില്ലിമീറ്റർ മഴ ലഭിക്കുമെന്ന സാധാരണ പ്രവചനവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് മൊത്തത്തിൽ 49% കുറവാണെന്ന് അനുമാനിക്കാം. ഇത് സംസ്ഥാനത്തെ വരൾച്ചയിലേക്ക് തള്ളിവിട്ടു. 2014ന് ശേഷമുള്ള ഏറ്റവും ഉയർന്ന കുറവാണിതെന്ന് പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ടുകളുണ്ട്.

ദക്ഷിണേന്ത്യ

ഇന്ത്യയിൽ മൺസൂൺ ആരംഭിച്ചതിന്‍റെ ഔദ്യോഗിക തീയതിയായ ജൂൺ 1 മുതൽ കണക്കാക്കിയാൽ ജൂലൈ 22 വരെ ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ തെലങ്കാനയിൽ 111% അധിക മഴ ലഭിച്ചു. തമിഴ്‌നാട്ടിലും ഈ കാലയളവിൽ മൺസൂൺ മഴ വലിയ തോതിൽ ലഭിച്ചതായി ഡൗൺ ടു എർത്ത് റിപ്പോർട്ട് പറയുന്നു.

തെലങ്കാനയിലെ എല്ലാ ജില്ലകളിലും സാധാരണയേക്കാൾ കൂടുതൽ മഴ ലഭിച്ചിട്ടുണ്ട്. 33 സംസ്ഥാനങ്ങളിൽ 30 എണ്ണത്തിലും അധിക മഴ രേഖപ്പെടുത്തി. സംസ്ഥാനത്ത് ജനവാസ മേഖലകളും റോഡുകളും മറ്റും വെള്ളത്തിനടിയിലായി. ജൂലൈ 1 നും ഓഗസ്റ്റ് 1 നും ഇടയിൽ ശരാശരി 43 സെന്‍റിമീറ്റർ മഴ പെയ്യുമ്പോൾ സംസ്ഥാനത്ത് രേഖപ്പെടുത്തിയ ശരാശരി മഴ 80.1 സെന്‍റിമീറ്ററാണ്.

ജൂണിൽ കേരളത്തിൽ 48% കുറവ് മഴയാണ് ലഭിച്ചത്. അടുത്തിടെ മഴ മെച്ചപ്പെട്ടെങ്കിലും ജൂലൈ 22 വരെയുള്ള കണക്കെടുത്താല്‍ 19% കുറവാണുള്ളത്.

വിദഗ്ധരെ ഉദ്ധരിച്ച് ഡൗൺ ടു എർത്ത് നല്‍കിയ റിപ്പോർട്ട് അനുസരിച്ച്, ഈ പ്രവണതയ്ക്ക് കാരണം ഇന്ത്യൻ മഹാസമുദ്രത്തിന്‍റെ ദ്രുതഗതിയിലുള്ള ചൂടാണ്. സമുദ്രവും കരയും തമ്മിലുള്ള താപനില വ്യതിയാനം മൂലം മൺസൂൺ മഴ കുറയുന്നതായി കാണുന്നു. “കരയും സമുദ്രവും കൂടുതല്‍ ചൂടാകുന്നതിനെ ആശ്രയിച്ച്  മഴ ലഭ്യതയ്ക്ക് മാറ്റം വരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. 

ഉത്തരേന്ത്യ

ഹിമാചൽ പ്രദേശിൽ 30 ലധികം വെള്ളപ്പൊക്കങ്ങൾ ഈയിടെ ഉണ്ടായി.  ഈ വർഷം മൺസൂൺ ആരംഭിച്ച് ഒരു മാസത്തിനുള്ളിൽ ഏഴ് മേഘവിസ്ഫോടനങ്ങൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.  ഇതുവരെ 133 പേർക്ക് പ്രകൃതിക്ഷോഭം മൂലം ജീവൻ നഷ്ടപ്പെട്ടതായി ഡൗൺ ടു എർത്ത് റിപ്പോർട്ട് പറയുന്നു. ഹിമാചൽ പ്രദേശിലെ തണുത്ത മരുഭൂമിയായ സ്പിതി ഈ വർഷം കനത്ത മഴയ്ക്കും മേഘസ്ഫോടനത്തിനും സാക്ഷ്യം വഹിച്ചുവെന്ന് റിപ്പോർട്ട് കൂട്ടിച്ചേർത്തു.

ഈ വർഷം ഹിമാചൽ പ്രദേശിൽ 2,760 കാട്ടുതീ റിപ്പോർട്ട് ചെയ്തതായി ഔട്ട്‌ലുക്കിന്‍റെ മറ്റൊരു റിപ്പോർട്ട് പരാമർശിക്കുന്നു. ഇത് സംസ്ഥാനത്ത് എക്കാലത്തെയും ഉയർന്നതാണ്. ഹിമാചലിലെ പർവതപ്രദേശങ്ങളിലെ തീവ്രമായ കാലാവസ്ഥാ വ്യതിയാനം മൂലം ഈ വർഷം സംസ്ഥാനത്ത് 21 ദിവസത്തെ കഠിനമായ ഉഷ്ണതരംഗമുണ്ടായി. ഇത് സംസ്ഥാനത്ത് വരൾച്ചയ്ക്കും മാർച്ച്, ഏപ്രിൽ മാസങ്ങളിൽ 92.4% മഴക്കുറവിനും കാരണമായി.

Translated by Deepa M

Anuraag Baruah
Anuraag Baruah
Articles: 9