Physical Address

23,24,25 & 26, 2nd Floor, Software Technology Park India, Opp: Garware Stadium,MIDC, Chikalthana, Aurangabad, Maharashtra – 431001 India

എന്താണ് കാലാവസ്ഥാ ‘പ്രത്യാഘാതങ്ങള്‍’..?  ഇത് COP27 അജണ്ടയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം എന്തുകൊണ്ട് വർദ്ധിക്കുന്നു..?

കാലാവസ്ഥാ വ്യതിയാനം മൂലം തീവ്രവും അപ്രതീക്ഷിതവുമായ പ്രാകൃതിക സംഭവങ്ങൾക്ക് കഴിഞ്ഞ ഒരു വർഷത്തിലേറെയായി ലോകം സാക്ഷ്യം വഹിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ആഘാതങ്ങൾ മൂലം വികസിത-വികസ്വര, രാജ്യങ്ങൾ മാത്രമല്ല, മറ്റ് ദുർബലരാജ്യങ്ങളും ഗുരുതരമായ നാശനഷ്ടങ്ങള്‍ നേരിടുകയാണ്.

അടുത്തിടെ, വിനാശകരമായ വെള്ളപ്പൊക്കം മൂലം പാകിസ്ഥാനിൽ ഏകദേശം 33 ദശലക്ഷം ആളുകളെ മാറ്റിപ്പാർപ്പിച്ചിരുന്നു. ആഫ്രിക്കയുടെ ചില ഭാഗങ്ങളിൽ വരൾച്ചയും പട്ടിണിയും 50 ദശലക്ഷം ആളുകളുടെ ജീവന് ഭീഷണിയായി. ചൈനയിലെയും യൂറോപ്പിലെയും ചില ഭാഗങ്ങളിൽ അനുഭവപ്പെട്ട റെക്കോർഡ് ഭേദിച്ച ഉഷ്ണതരംഗങ്ങളും വരൾച്ചയും അന്താരാഷ്ട്ര തലത്തില്‍ വാര്‍ത്താ പ്രാധാന്യം നേടിയിട്ടുണ്ട്. 

ഇത് ‘കാലാവസ്ഥാ പ്രത്യാഘാതങ്ങള്‍’ (Loss and Damage) എന്ന വിഷയത്തിലേക്ക് വീണ്ടും ശ്രദ്ധ തിരിച്ചുകൊണ്ടുവന്നു. നവംബറിൽ വരാനിരിക്കുന്ന COP27  ഉച്ചകോടിയുടെ അജണ്ടയിൽ ‘കാലാവസ്ഥാ പ്രത്യാഘാതങ്ങള്‍’ ഉൾപ്പെടുത്തണമെന്ന ആവശ്യം ഇപ്പോൾ ലോകമെമ്പാടും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്..

എന്താണ് കാലാവസ്ഥാ പ്രത്യാഘാതങ്ങള്‍?

കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടാൻ ആളുകൾക്ക് കഴിയാതെ വരുമ്പോഴോ അല്ലെങ്കിൽ ‘പരിധി’ എത്തിയിരിക്കുമ്പോഴോ അനുഭവപ്പെടുന്ന കാലാവസ്ഥാ വ്യതിയാനത്തിന്‍റെ നാശനഷ്ടങ്ങളെയാണ് ഇത് സൂചിപ്പിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ വിവിധ ഭാവങ്ങൾ മൂലമുണ്ടാകുന്ന ശാശ്വതമോ അല്ലെങ്കില്‍ നന്നാക്കാവുന്നതോ ആയ നഷ്ടങ്ങളെ ഇത് സൂചിപ്പിക്കുന്നു

കൂടാതെ ഇത് സാമ്പത്തികവും സാമ്പത്തികേതരവുമായ ദോഷങ്ങളെ അർത്ഥമാക്കുന്നു. ബാഹ്യ ഇടപെടല്‍ മൂലമുള്ള  കാലാവസ്ഥാ വ്യതിയാനത്തിന്‍റെ അനന്തരഫലങ്ങളെ പരാമർശിക്കാൻ യുഎൻ കാലാവസ്ഥാ ചർച്ചകളിൽ ‘പ്രത്യാഘാതങ്ങള്‍’ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

COP27 അജണ്ടയിൽ ‘പ്രത്യാഘാതങ്ങള്‍’ ഉൾപ്പെടുത്തണമെന്ന ആവശ്യം

COP27 ന്‍റെ ഔപചാരിക അജണ്ടയിൽ ‘പ്രത്യാഘാതങ്ങള്‍ക്ക്’ ധനസഹായം ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട്, ക്ലൈമറ്റ് ആക്ഷൻ നെറ്റ്‌വർക്ക് പുറത്തുവിട്ട ഒരു കുറിപ്പില്‍ ലോകമെമ്പാടുമുള്ള 400-ലധികം ഓർഗനൈസേഷനുകൾ അടുത്തിടെ ഒപ്പുവച്ചു. ഈജിപ്തിലെ കെയ്‌റോയിൽ 2022 സെപ്റ്റംബർ 10 ന്  COP27 പ്രസിഡൻസിയില്‍ ‘പ്രത്യാഘാതങ്ങളെ’ കുറിച്ചുള്ള കൂടിയാലോചനയ്ക്കായി ഗവണ്‍മെന്‍റുകളുടെയും ചർച്ചാ ഗ്രൂപ്പുകളുടെയും പ്രതിനിധികളുടെ യോഗം വിളിച്ചിരുന്നു.

“2050 ആകുമ്പോഴേക്കും വികസ്വര രാജ്യങ്ങളിലെ പ്രത്യാഘാതങ്ങളുടെ സാമ്പത്തിക ചെലവ് 1 മുതൽ 1.8 ട്രില്യൺ ഡോളർ വരെയായിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു.  ജീവൻ, സംസ്കാരം, പ്രദേശം തുടങ്ങിയവയുടെ പോലുള്ള സാമ്പത്തികേതര നഷ്ടങ്ങൾ ഇതിൽ ഉൾപ്പെടുന്നില്ല,” ക്ലൈമറ്റ് ആക്ഷൻ നെറ്റ്‌വർക്കിൽ ഒരു പത്രക്കുറിപ്പിലൂടെ ഇക്കാര്യം പ്രസ്താവിച്ചിരുന്നു.

പ്രത്യാഘാതങ്ങളുടെ പ്രശ്‌നം സ്ഥിരമായി തടയുവാന്‍ സാധ്യമായിട്ടില്ല.  കേവലമായ ചര്‍ച്ചകളോ സൈഡ് ഇവന്‍റുകളോ ആയി പ്രവര്‍ത്തനം ചുരുങ്ങി. കാരണം യൂറോപ്യൻ യൂണിയൻ, യുഎസ്എ, നോർവേ തുടങ്ങിയ സമ്പന്ന രാജ്യങ്ങൾ ധനകാര്യ വിശദാംശങ്ങൾ ചർച്ച ചെയ്യാൻ നിരന്തരം വിസമ്മതിക്കുന്നു എന്നും പത്രക്കുറിപ്പ് അറിയിക്കുന്നു. 

“ലോകമെമ്പാടും കാലാവസ്ഥാ ആഘാതങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിലും, കാലാവസ്ഥാ പ്രതിസന്ധിയുണ്ടാകുന്നതില്‍ പങ്കില്ലാത്ത ദരിദ്ര രാജ്യങ്ങൾക്ക് പ്രത്യാഘാതങ്ങള്‍ പരിഹരിക്കുന്നതിന് സമർപ്പിതമായ ഒരു സാമ്പത്തിക സൗകര്യം അനിവാര്യമാണെന്ന് വ്യക്തമാണ്. ക്ലൈമറ്റ് ആക്ഷൻ നെറ്റ്‌വർക്ക് പത്രക്കുറിപ്പ് ഇങ്ങനെ നിരീക്ഷിക്കുന്നുണ്ട്.

ഉത്ഭവം

‘പ്രത്യാഘാതങ്ങള്‍ക്കുള്ള’ ധനസഹായത്തിനുള്ള ആവശ്യം യഥാർത്ഥത്തിൽ ‘പുറംതള്ളല്‍’, ‘മലിനീകരണ കാരണം എന്നീ ആശയങ്ങളിൽ നിന്നാണ് ഉത്ഭവിക്കുന്നത്. സമീപകാലത്ത് പ്രധാനമായും ഹരിതഗൃഹ വാതക ഉദ്‌വമനത്തിന് ഉത്തരവാദികളായ വികസിത രാജ്യങ്ങൾക്ക് പരിഹാര നടപടികൾക്ക് മാത്രമല്ല, അവരുടെ പ്രവർത്തനങ്ങൾ മൂലമുണ്ടാകുന്ന പരിസ്ഥിതി നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകാനും ചരിത്രപരവും ധാർമ്മികവുമായ ഉത്തരവാദിത്തമുണ്ടെന്ന് വാദമുണ്ട്.

“ചരിത്രപരവും ധാർമ്മികവുമായ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കേണ്ട വികസിത രാജ്യങ്ങൾ, ഫോസിൽ ഇന്ധനങ്ങൾ വേഗത്തിലാക്കുന്നതിൽ പരാജയപ്പെടുന്നു. അതിന്‍റെ ഫലമായി കൂടുതൽ തീവ്രമായ കാലാവസ്ഥാ ദുരന്തങ്ങൾ ഉണ്ടാകുന്നു,” ക്ലൈമറ്റ് ആക്ഷൻ നെറ്റ്‌വർക്ക് പത്രക്കുറിപ്പിൽ ഇതുമായി ബന്ധപ്പെട്ട് പരാമർശമുണ്ട്.

1850 മുതൽ കൂടുതല്‍ GHG പുറംതള്ളല്‍ നടത്തിയ സമ്പന്നമായ വികസിത രാജ്യങ്ങളാണ് കൂടുതല്‍ ഉത്തരവാദികള്‍. ജപ്പാനും ഓസ്‌ട്രേലിയയും ചേർന്നുള്ള വാതക പുറംതള്ളല്‍  മൊത്തത്തിന്‍റെ  65% ആണ്.

ആഗോളതാപനത്തിന് കാരണമാകുന്ന GHG-കളുടെ പ്രധാന ഘടകമായ കാർബൺ ഡൈ ഓക്സൈഡ് നൂറുകണക്കിന് വർഷങ്ങളായി അന്തരീക്ഷത്തിൽ നിലനിൽക്കുന്നതിനാൽ, ‘ചരിത്രപരമായ പുറംതള്ളല്‍’ എന്ന ആശയം പ്രാധാന്യം നേടുന്നു, അതിനാൽ ചരിത്രപരമായ പുറംതള്ളലിന് കാരണക്കാരായവര്‍ മുന്‍കൈയെടുത്ത്  പ്രത്യാഘാതങ്ങള്‍ക്ക്  ധനസഹായം നൽകണമെന്ന ആവശ്യമാണ് ഉയരുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ആഘാതം ആഗോളമാണെങ്കിലും, മലിന വാതക പുറംതള്ളലില്‍ അത്രയൊന്നും പങ്കില്ലാത്ത ദരിദ്ര രാജ്യങ്ങളാണ് കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ആഘാതത്തിൽ വളരെയധികം കഷ്ടപ്പെടുന്നത്.

ഐക്യരാഷ്ട്രസഭയിലെ ‘പ്രത്യാഘാതങ്ങള്‍’

90-കളുടെ തുടക്കത്തിൽ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്ര ചട്ടക്കൂട് കൺവെൻഷൻ (UNFCCC) രൂപീകരിച്ചത് മുതൽ ദുർബലരായ രാജ്യങ്ങൾ സാമ്പത്തിക സഹായം നൽകാൻ വികസിത രാജ്യങ്ങളോട് അഭ്യർത്ഥിക്കുന്നു. എന്നിരുന്നാലും, പോളണ്ടിലെ വാർസോയിൽ നടന്ന COP19 കോൺഫറൻസിൽ (2013) പ്രത്യാഘാതങ്ങള്‍  എന്ന വിഷയത്തിന് വേണ്ടത്ര പ്രാധാന്യം ലഭിച്ചു.

പ്രത്യേകിച്ച് ദുർബലമായ വികസ്വര രാജ്യങ്ങളിലെ കാലാവസ്ഥയുമായി ബന്ധപ്പെട്ട ആഘാതങ്ങൾ പരിഹരിക്കുന്നതിനായി UNFCCC യുടെ കീഴിൽ വാർസോയിൽ വാർസോ ഇന്‍റര്‍നാഷണൽ മെക്കാനിസം ഫോർ ലോസ് ആൻഡ് ഡാമേജ് സ്ഥാപിച്ചു. കാലാവസ്ഥാ ദുരന്തങ്ങളാൽ തകർന്ന വികസ്വര രാജ്യങ്ങൾക്ക് നഷ്ടപരിഹാരം നൽകേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചുള്ള ആദ്യത്തെ ഔപചാരിക അംഗീകാരമായി ഇതിനെ വിശേഷിപ്പിക്കാം.

പാരീസ് ഉടമ്പടി പ്രകാരം (ആർട്ടിക്കിൾ 8), പ്രത്യാഘാതങ്ങളുടെ പുതിയ ഘടകങ്ങളും അളവുകളും കൂട്ടിചേർത്തിരുന്നു. ഇത് ‘യുഎൻഎഫ്‌സിസിസിയ്ക്ക് കീഴിലുള്ള പ്രധാന മാധ്യമമായി വാർസോ ഇന്‍റനാഷണൽ മെക്കാനിസം (WIM) വീണ്ടും സ്ഥിരീകരിച്ചു. തീവ്രവും മന്ദഗതിയിലുള്ളതുമായ കാലാവസ്ഥാ വ്യതിയാന ആഘാതങ്ങളുമായി ബന്ധപ്പെട്ട പ്രത്യാഘാതങ്ങള്‍’ കൈകാര്യം ചെയ്യുകയാണ് വാര്‍സോ ഇന്‍റര്‍നാഷണലിന്‍റെ മുഖ്യലക്ഷ്യം. 

എന്നിരുന്നാലും WIM-ന് കീഴിൽ ഇതുവരെ നടന്ന ചർച്ചകൾ ഫണ്ടിംഗ് സംവിധാനത്തിൽ ഫലം നൽകിയിട്ടില്ല. ഭൂരിഭാഗം GHG പുറംതളളിനും  ഉത്തരവാദികളായ വികസിത രാജ്യങ്ങൾ, അവരുടെ പ്രവര്‍ത്തനം മൂലമുണ്ടാക്കിയ നാശനഷ്ടങ്ങൾക്ക് പണം നൽകുന്നതിനുള്ള ഏതെങ്കിലും ‘അന്താരാഷ്ട്ര ഉടമ്പടി’ അംഗീകരിക്കുന്നതിൽ നിന്ന് മിക്കവാറും വിട്ടുനിൽക്കുന്നു.

കഴിഞ്ഞ വർഷം ഗ്ലാസ്‌ഗോയിൽ നടന്ന COP26 കാലാവസ്ഥാ സമ്മേളനത്തിൽ, ഫണ്ടിംഗ് ക്രമീകരണം ചർച്ച ചെയ്യുന്നതിനായി മൂന്ന് വർഷത്തെ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. 2022 ജൂണിൽ ജർമ്മനിയിൽ നടന്ന ബോൺ യുഎൻ കാലാവസ്ഥാ ചർച്ചകളിലും ഈ ആക്കം ഒരു പരിധിവരെ തുടർന്നു, എന്നാൽ വികസിത രാജ്യങ്ങളും മറ്റ് ദുർബല രാജ്യങ്ങളും ആവശ്യപ്പെട്ട പ്രത്യേക ധനസഹായ സൗകര്യം വേണമെന്ന വീക്ഷണത്തെ യൂറോപ്യൻ യൂണിയനും യുഎസ്, ഓസ്‌ട്രേലിയ തുടങ്ങിയ വികസിത രാജ്യങ്ങളും എതിർത്തു. 

2022 നവംബറിലെ COP27 ഉച്ചകോടി നിർണ്ണായകമാണ്. വർദ്ധിച്ചുവരുന്ന പ്രത്യാഘാതങ്ങള്‍ നേരിടുന്നതിനുള്ള സാമ്പത്തിക ആവശ്യം പരിഹരിക്കുന്ന എന്തെങ്കിലും സംവിധാനം കണ്ടെത്താൻ ഇത് അവസരം നൽകും.

ഇന്ത്യയും കാലാവസ്ഥാ പ്രത്യാഘാതങ്ങളും

ആഗോളതാപനത്തിന്‍റെ ആഘാതങ്ങൾ ലഘൂകരിക്കാനുള്ള മാര്‍ഗങ്ങള്‍ ഊന്നിപറയാന്‍ ബോൺ യുഎൻ കാലാവസ്ഥാ ചർച്ചകളിൽ ഇന്ത്യ ഒന്നിലധികം തവണ ശക്തമായി ഇടപെട്ടതായി റിപ്പോർട്ടുകൾ പറയുന്നു.

‘ഇന്ത്യയിലെയും മറ്റ് വികസ്വര രാജ്യങ്ങളിലെയും ശ്രമങ്ങളെ സമ്പന്ന രാജ്യങ്ങൾ സാമ്പത്തിക സഹായത്തിലൂടെ പിന്തുണയ്ക്കണം,’ ഇന്ത്യൻ പ്രതിനിധികൾ ആവശ്യപ്പെട്ടതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
നീണ്ടുനിൽക്കുന്നതും കഠിനവുമായ ഉഷ്ണ തരംഗങ്ങളും വരൾച്ചയും പോലുള്ള തീവ്ര കാലാവസ്ഥാ സംഭവങ്ങൾ പല പ്രദേശങ്ങളിലും,  അടുത്തിടെ അഭിമുഖീകരിക്കുന്ന സമയത്താണ് ഇന്ത്യയുടെ ഈ ഇടപെടൽ. ഒരു റിപ്പോർട്ട് അനുസരിച്ച്, 2021-ൽ ലോകത്തിലെ ഏറ്റവും സാമ്പത്തികമായി വിനാശകരമായ പത്ത് കാലാവസ്ഥാ ആഘാതങ്ങളിൽ രണ്ടെണ്ണം ഇന്ത്യയിലാണ് ഉണ്ടായത്. ഇവ രണ്ടും 1 ബില്യൺ ഡോളറിലധികം സാമ്പത്തിക നഷ്ടം വരുത്തി, ജീവനും ഉപജീവനമാർഗവും നഷ്‌ടപ്പെട്ടു.

Translated by: Deepa M

Also, read this in English

Anuraag Baruah
Anuraag Baruah
Articles: 9