Physical Address
23,24,25 & 26, 2nd Floor, Software Technology Park India, Opp: Garware Stadium,MIDC, Chikalthana, Aurangabad, Maharashtra – 431001 India
Physical Address
23,24,25 & 26, 2nd Floor, Software Technology Park India, Opp: Garware Stadium,MIDC, Chikalthana, Aurangabad, Maharashtra – 431001 India
അവകാശവാദം
ഹരിത പടക്കങ്ങൾ സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമാണ്. അവ മനുഷ്യർക്കും പരിസ്ഥിതിക്കും ഹാനികരമല്ല.
വസ്തുത
പരമ്പരാഗത പടക്കങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, ‘ഗ്രീന്‍ പടക്കങ്ങൾ’ വായു, ശബ്ദ മലിനീകരണം ഒരു പരിധിവരെ കുറയ്ക്കുന്നതിന് കാരണമാകുന്നു. എങ്കിലും മനുഷ്യർക്കും പരിസ്ഥിതിക്കും ഹാനികരമാണ്.
ഹരിത പടക്കങ്ങളുടെ ഗുണങ്ങള്‍
പരമ്പരാഗത പടക്കങ്ങൾ കത്തിക്കുന്നത് മൂലം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വർദ്ധിച്ചുവരുന്ന മലിനീകരണ തോത് പരിശോധിക്കുന്നതിനാണ് ഹരിത പടക്കങ്ങൾ വികസിപ്പിച്ചെടുത്തത്. അവ പരിസ്ഥിതി സൗഹൃദമാണ്, പരിസ്ഥിതിക്കും മനുഷ്യർക്കും ഹാനികരമായേക്കാവുന്ന കണികകളും വിഷവസ്തുക്കളും പുറത്തുവിടുന്നില്ല.
ഞങ്ങളുടെ കണ്ടെത്തല്‍
ഇന്ത്യയിൽ ദീപാവലി സമയത്ത് ‘ഹരിത പടക്കങ്ങള്‍’ വലിയ ചര്‍ച്ചയായിരുന്നു. പ്രത്യേകിച്ച് ഡൽഹി പോലുള്ള ഉത്തരേന്ത്യൻ നഗരങ്ങളിൽ ഈ സമയത്ത് വായു മലിനീകരണം ഭയാനകമായ അളവിലാകുന്നു. പടക്കം പൊട്ടിക്കുന്നതിലൂടെ പുറന്തള്ളുന്ന വിഷ കണികകൾ മൂലമുണ്ടാകുന്ന വായു മലിനീകരണം, വാഹനങ്ങളും വ്യവസായങ്ങളും മൂലമുണ്ടാകുന്ന കടുത്ത മലിനീകരണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു പ്രദേശത്തെ കാര്യങ്ങൾ കൂടുതൽ വഷളാക്കുന്നു. മലിനീകരണം വ്യാപിക്കുന്നതും നേർപ്പിക്കുന്നതും തടയുന്ന പ്രതികൂലമായ കാലാവസ്ഥാ സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടുന്നു.
വർദ്ധിച്ചുവരുന്ന മലിനീകരണ തോത് തടയാൻ സഹായിക്കുമെന്നും പരമ്പരാഗത പടക്കങ്ങൾക്ക് പകരം സുരക്ഷിതവും ഹരിതവുമായ ബദലാണെന്നും അവകാശവാദത്തോടെയാണ് ഹരിത പടക്കങ്ങൾ എന്ന ആശയം അവതരിപ്പിച്ചത്. PM10, PM2.5 എന്നിവ 30-35% വരെയും സൾഫർ, നൈട്രജൻ ഓക്സൈഡുകൾ 35-40% വരെയും 120 dB-യിൽ താഴെയുള്ള ശബ്ദ നിലവാരത്തിൽ ശബ്ദവും വായു മലിനീകരണവും കുറയ്ക്കാൻ ഹരിത പടക്കങ്ങള്‍ രൂപപ്പെടുത്തി. ദീപാവലി ആഘോഷിക്കുന്നതിനുള്ള പരിസ്ഥിതി സൗഹൃദ മാർഗമായി അവ പ്രമോട്ട് ചെയ്യപ്പെട്ടു. പക്ഷേ, ഹരിത പടക്കങ്ങൾ തീർച്ചയായും സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമാണോ? അതോ ഇത് ഇന്ത്യൻ പടക്ക വ്യവസായത്തിലെ ഒരു തരം ‘ഗ്രീൻവാഷിംഗ്’ ആണോ?
(വാസ്തവത്തിൽ ‘ഗ്രീൻവാഷിംഗ്’ എന്താണെന്ന് നിങ്ങൾ ആശ്ചര്യപ്പെടുന്നുണ്ടോ? ഗ്രീൻവാഷിംഗിനെക്കുറിച്ച് നിങ്ങൾക്ക് വിശദമായി അറിയണോ? സിഎഫ്‌സി ഇന്ത്യയുടെ ഒരു വിശദീകരണം ഇതാ.)
എന്താണ് ഗ്രീന്‍വാഷിംഗ്? ഇത് കാലാവസ്ഥ വ്യതിയാനത്തെ എങ്ങനെ ബാധിക്കുന്നു?
മലിനീകരണം ഒരു പരിധി വരെ കുറയ്ക്കുന്നു
‘ഹരിത’ പടക്കങ്ങൾക്കായുള്ള ഫോർമുലേഷനുകൾ വികസിപ്പിച്ചെടുത്ത CSIR-NEERI അനുസരിച്ച്, പരമ്പരാഗതമായവയെ അപേക്ഷിച്ച് അവ കണികാ ദ്രവ്യത്തിന്‍റെ (PM 2.5) ഉദ്‌വമനം 30% കുറയ്ക്കുന്നു. വിദഗ്ധരുടെ അഭിപ്രായത്തിൽ, പിഎം 2.5 ലെവൽ റിഡക്ഷൻ അനുസരിച്ച് ഒരു ഉൽപ്പന്നത്തെ ‘ഹരിതം’ എന്ന് നിർവചിക്കുന്ന സമീപനം ഈ ഉദ്വമനത്തിന്‍റെ ബഹുമുഖ ഫലങ്ങൾ പരിഗണിക്കുന്നതിൽ പരാജയപ്പെടുന്നു. കൂടാതെ, മലിനീകരണം 30-35% കുറയ്ക്കുന്നത് ഒരു ഉൽപ്പന്നത്തെ ‘ഹരിതം’ അല്ലെങ്കിൽ ‘പരിസ്ഥിതി സൗഹൃദം’ ആയി പ്രഖ്യാപിക്കുന്നതിനുള്ള ഒരു മാനദണ്ഡമായി കണക്കാക്കാനാവില്ല.
പരമ്പരാഗത പടക്കം പോലെ തന്നെ ഹരിത പടക്കങ്ങളിലും വ്യത്യസ്ത രാസ വിഷ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് വിദഗ്ധർ വ്യക്തമാക്കി. അവ വായുവില്‍ സൂക്ഷ്മമായ കണിക പദാർത്ഥങ്ങള്‍ പുറത്തുവിടുന്നുണ്ടെന്ന് CSTEP-യിലെ വായു മലിനീകരണ മേഖലയെ നയിക്കുന്ന ഗവേഷണ ശാസ്ത്രജ്ഞയായ പ്രതിമ സിംഗ് പറഞ്ഞതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
“അവ സാധാരണ പടക്കങ്ങൾക്കു പകരമായി ആശ്രയയോഗ്യവും സുരക്ഷിതവുമായ ബദലല്ല. മലിനീകരണം കുറഞ്ഞതും ദോഷകരമല്ലാത്തതുമായ ഒരു ബദൽ മാത്രമാണ്. ഹരിത പടക്കങ്ങൾ ബദലാണെങ്കിലും മഗ്നീഷ്യത്തിനും ബേരിയത്തിനും പകരം പൊട്ടാസ്യം നൈട്രേറ്റ്, അലൂമിനിയം തുടങ്ങിയ ദോഷകരമായ രാസവസ്തുക്കളും ആർസനിക്കിനും മറ്റ് ദോഷകരമായ കാർബണും,” സിടിഒയും സഹസ്ഥാപകനുമായ അംബിയെ ഉദ്ധരിച്ച് ഹിന്ദു റിപ്പോർട്ട് പറയുന്നു.
പരമ്പരാഗതമായതിനേക്കാൾ അപകടകരമായേക്കാം
‘ഹരിത പടക്കങ്ങൾ’ എന്ന് വിളിക്കപ്പെടുന്നവ യഥാർത്ഥത്തിൽ പരമ്പരാഗതമായതിനേക്കാൾ കൂടുതൽ ദോഷകരമാകുമെന്ന് പഠനങ്ങള്‍ വരുന്നുണ്ട്. ഡൽഹി ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റിയുടെ (ഡിടിയു) പഠനമനുസരിച്ച്, ഗ്രീൻ ക്രാക്കറുകൾ പിഎം 2.5, പിഎം 10 എന്നിവയേക്കാൾ വളരെ അപകടകരമായ അൾട്രാ-ഫൈൻ കണികകളുടെ (ഇഎഫ്‌പി) ഉയർന്ന സാന്ദ്രത ഉത്പാദിപ്പിക്കുന്നു. 2019 ദീപാവലി വേളയിൽ നടത്തിയ പഠനത്തിൽ, വളരെ ചെറിയ വ്യാസമുള്ള സൂക്ഷ്മകണങ്ങളുടെ ഉദ്‌വമനം പരമ്പരാഗത പടക്കങ്ങളിൽ നിന്നുള്ളതിനേക്കാൾ വളരെ കൂടുതലാണ് ഹരിത പടക്കങ്ങളിൽ നിന്നുള്ളതെന്ന് കണ്ടെത്തി.
ശൈലേന്ദ്ര കുമാർ യാദവ്, ഡിടിയുവിൽ നിന്നുള്ള രാജീവ് കുമാർ മിശ്ര, ഐഐടി-റൂർക്കിയിലെ ഭോല റാം ഗുർജാർ എന്നിവർ നടത്തിയ ഗവേഷണം എൽസെവിയർ എന്ന ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ചു. ടിഷ്യൂകളിലേക്ക് തുളച്ചുകയറാനോ നേരിട്ട് രക്തപ്രവാഹത്തിലേക്ക് ആഗിരണം ചെയ്യപ്പെടാനോ സാധ്യതയുണ്ട്. അൾട്രാ-ഫൈൻ കണങ്ങൾ ശ്വാസകോശത്തിൽ നിക്ഷേപിക്കപ്പെടും. അതിനാൽ കൂടുതൽ അപകടകരമാണ്.
ശബ്ദമലിനീകരണത്തിൽ കാര്യമായ കുറവില്ല
ശബ്ദമലിനീകരണ (ക്രമീകരണവും നിയന്ത്രണവും) നിയമങ്ങൾ, 2000 പ്രകാരം, രാത്രിയിൽ താമസസ്ഥലങ്ങളിൽ സുരക്ഷിതമായ ശബ്ദ പരിധി 45 ഡിബി ആണ്. സാധാരണ പടക്കങ്ങൾ ഏകദേശം 160 ഡിബി ശബ്ദം പുറപ്പെടുവിക്കുന്നു. അതേസമയം ഹരിത പടക്കങ്ങൾക്ക് 110-125 ഡിബി ശബ്ദ നിലയുണ്ട്. ഈ ലെവലുകൾ അനുവദനീയമായ ശബ്ദ പരിധിയുടെ ഇരട്ടിയേക്കാൾ വളരെ കൂടുതലാണ്. സെന്‍റര്‍ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ. (സിഡിസി) അനുസരിച്ച്, 70 ഡിബിക്ക് മുകളിലുള്ള ശബ്ദം ദീർഘനേരം എക്സ്പോഷർ ചെയ്യുന്നത് കേൾവിയെ ബാധിക്കുകയും 120 ഡിബിക്ക് മുകളിലുള്ള ഉച്ചത്തിലുള്ള ശബ്ദം ചെവികൾക്ക് പെട്ടെന്ന് കേടുവരുത്തുകയും ചെയ്യും.
വ്യാജ പടക്കങ്ങൾ
പരമ്പരാഗത പടക്കങ്ങൾ ‘ഹരിത പടക്കങ്ങള്‍’ ആയി ചിത്രീകരിച്ച് വിൽക്കുന്നത് മറ്റൊരു പ്രശ്‌നമാണ്. രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും ഹരിത പടക്കങ്ങൾ നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള അവബോധവും ആധികാരിക സമ്പ്രദായവും ഇല്ല. മുംബൈ ആസ്ഥാനമായുള്ള ഒരു സർക്കാരിതര സംഘടന (എൻജിഒ) ആവാസ് ഫൗണ്ടേഷൻ നാഷണൽ എൻവയോൺമെന്‍റൽ എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് (നീറി) കത്തെഴുതിയിരുന്നു. ഹരിത പടക്കങ്ങള്‍ എന്ന പേരിൽ വ്യാജ പടക്കങ്ങൾ വിൽക്കുന്നത് അവര്‍ ശ്രദ്ധയിൽപ്പെടുത്തി. ഹിന്ദുസ്ഥാൻ ടൈംസിന്‍റെ റിയാലിറ്റി പരിശോധനയിൽ ലഖ്‌നൗവിൽ ഹരിത പടക്കങ്ങളുടെ പേരിൽ പരമ്പരാഗത പടക്കങ്ങൾ വിൽക്കുന്നതായി അടുത്തിടെ കണ്ടെത്തി.
മേൽപ്പറഞ്ഞ സാഹചര്യത്തിൽ, ‘ഹരിത പടക്കങ്ങൾ’ എന്ന് വിളിക്കപ്പെടുന്നവ ‘ഹരിതം’, ‘പരിസ്ഥിതി സൗഹാർദ്ദം’ എന്നിവയായി ഉയർത്തിക്കാട്ടുന്നത് മനുഷ്യർക്കും പരിസ്ഥിതിക്കും ഒരുപോലെ ഹാനികരമാണെന്ന വസ്തുത അവഗണിക്കുന്നതായി ഞങ്ങൾ നിഗമനം ചെയ്യുന്നു. അങ്ങനെ ഇത് ‘ഗ്രീൻ വാഷിംഗിലേക്ക്’ വിരൽ ചൂണ്ടുന്നു.
(ആയുഷി ശർമ്മയിൽ നിന്നുള്ള ഇൻപുട്ടുകൾക്കൊപ്പം)
Translated by: Deepa M